2016, മാർച്ച് 14, തിങ്കളാഴ്‌ച

കവിതകള്‍

കനം തൂങ്ങിയകവിളില്‍
കണ്ണീര്‍ വീണിരിക്കുന്നു
നനഞ്ഞുപോകുന്നു ..
ദൈവം നിര്‍ദയന്‍
കണക്കു പുസ്തകം പൂട്ടി
കടന്നുപോയിരിക്കുന്നു.


ഏതാണ് വെയിൽ
ഏതാണ് തീ
ഏതാണ് നരകം
ഏതാണ് സ്വർഗ്ഗം
ഏതാണ് ഉദയം
എങ്ങാണസ്തമയം


വിലപറഞ്ഞുപോയമരണമേ
എനിക്ക് വയ്യ
ഭയന്നുവീണുമരിക്കാന്‍
..എനിക്ക് വയ്യ സ്നേഹം
ദാഹിച്ചു മരിക്കാനും


ഒരു നുള്ള് നോവ്
ഹൃദയം പൊള്ളിച്ച വിലാപം
എനിക്കരികിൽ എരിഞ്ഞ് തീർന്ന ചിതയിൽ
നിന്നും ആ മുഴക്കം
ചാലക്കുടിച്ചന്ത ഇന്ന് ഉറങ്ങിയോ ?
പുഴയിലേക്ക് നീണ്ട ചൂണ്ടയിൽ
പിടഞ്ഞ മീൻ
എന്റെ കണ്ണീരിൽ നനഞ്ഞിരിക്കുന്നു


മരണമെടുത്ത് പോയ
ജീവനിൽ നിന്നും
തുടിക്കുകയാണോർമ്മകൾ
മരിക്കുന്നില്ല
ഞാനും നിങ്ങളും.

കനൽക്കാറ്റിൽ
കനയ്യ
കാലത്തിന്റെ വിമോചന വീഥിയിൽ
കനൽ വാരിയെറിഞ്ഞിരിക്കുന്നു
വേരില്ലതെ ഫാസിസം
കടപുഴകും


വിഡ്ഡി ... നീ
നിന്റെ വിയർപ്പ് വീണ
മുഖം തുടച്ച്
മറ്റൊരു പകലിന്റെ
കാഴ്ചയിൽ
കാണുന്നതെല്ലാം
വെറും....?

2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

നാല് കവിതകള്‍

കണ്ണില്‍ നിറയാന്‍ ഒരു തുള്ളി
കണ്ണീരെവിടെ ഒരു തുള്ളി
ആര്‍ദ്ര ഹൃദയ ധമനിയില്‍ നിന്നു--
മുറയും നീരത് ഒരു തുള്ളി .



ആരും ഉറങ്ങിയില്ലേ
ഈ രാത്രിയുടെ നീളം
നിങ്ങളും ആഘോഷിച്ചോ
ദൈവം സത്യം ...
ഞാന്‍ മരുഭൂമിയുടെ നടുവില്‍
ഒടുക്കത്തെ വെയിലില്‍ ആണ്
തണുത്തു വരുന്ന കാറ്റ്
കുറച്ചു നേരം മാത്രം
ഈ ഉറക്കം തൂക്കിയെ ആശ്ലേഷിച്ചു പോകും /
പിന്നെയും പിന്നെയും വരണ്ടു ഉണങ്ങി വരും കാറ്റ്
ആരാണ് നിങ്ങളെ നോക്കി പറഞ്ഞത്
ഞാന്‍ ഒരു ശരീരം മാത്രം
നിങ്ങളില്‍ നിന്നും വറ്റിയ വിയര്‍പ്പും കൊണ്ടാണ്
ഈ കാറ്റ് വരുന്നതെന്ന്
ആരോ പറഞ്ഞപ്പോള്‍
അതൊരു പരിഹാസം എന്നാണു തോന്നിയത്
അല്ല ...അത് പരിഹാസമല്ല ..






നിന്നില്‍ ഒരു കവിതയുണ്ട്
ആര്‍ദ്രമായ ഒരു മനസ്സ് .
കണ്ണില്‍ ഒരു തുള്ളി
പെയ്യാതെ നില്‍ക്കും
അത് നിന്നെ ഓര്‍മ്മപ്പെടുത്തും
ജീവനും മനസ്സും വേര്‍ പിരിയാതെ
അതായിരിക്കും കവിത ..
എഴുതുക ...വരികള്‍ മുറിഞ്ഞു വാര്‍ന്ന
രക്തം കൊണ്ട് ..
എഴുതുക നീ വായിച്ചു തുടങ്ങിയ ലോകത്ത് നിന്നും
നിന്നില്‍ മരിക്കാതെ നില്‍ക്കുന്ന അക്ഷരങ്ങള്‍
നിന്നെ കവിയെന്നു വിളിക്കും









നാളെ ഭൂമിയുടെ ഉത്ഘാടനമാണ്
നിങ്ങളെല്ലാം വരണം ..
പറ്റുമെങ്കില്‍ ജെ സി ബി വേണം .
നികത്താന്‍ ഉള്ള വയലുകള്‍ കണ്ടെത്തി വരണം .
ടിപ്പറുകള്‍ മരണ മണി മുഴക്കി
ധിക്കാരം നിറഞ്ഞ മുഖവുമായി വരണം ..
പുഴയുണ്ടെങ്കില്‍ പറഞ്ഞേക്കണം
കടവും തോട്ടയും എന്റെ വക ..
മലയുണ്ടെങ്കില്‍ പറയണം
കാടിളക്കി വെടി വെക്കണം ...
പാറയുണ്ടെങ്കില്‍ പറയണം
പകുതി നിങ്ങള്ക്ക് പാട്ടത്തിനു തരാം .....
നിങ്ങളുടെ മക്കളോ ...
ചോദിച്ചേക്കാം ...
മക്കളെ കൊല്ലാന്‍ അല്ലെ വഴിയില്‍
ഒളിഞ്ഞ കത്തികള്‍ ..
എന്റെ മണം മറ്റുള്ളവരുടെ വിയര്‍പ്പു തന്നെ ..
പഴയ മുറം കൊണ്ട് പകല്‍ വെളിച്ചം മറച്ചു
എനിക്കൊരു ഇരുട്ട് ഉണ്ടാക്കണം
ആ ഇരുട്ടില്‍ നിന്നും
ആരുടെയോ മുനയുള്ള ആയുധം
എന്റെ ചോരയെ തിരഞ്ഞു വരും
അവരെല്ലാം വലിയ യോജിപ്പിലാണ് .
തോല്‍പ്പിക്കാന്‍ മാത്രം
ശക്തിയുണ്ടോ ...അപ്പോള്‍ ഞാന്‍ ഒരു നിസ്സാരനല്ല ..
----------------------------------------------
ഹേയ്... വിഡ്ഢി ലോകത്തെ
നായകൂട്ടങ്ങളെ ..ഓരിയിടുമ്പോള്‍
പോലും ചാവാലിയാണ് എന്ന് ഉറക്കെ
പറയാതിരിക്കൂ ...

2015, ജൂൺ 13, ശനിയാഴ്‌ച

മൂന്നു കവിതകള്‍ .

വേരറ്റു പോകുന്നുവോ
സ്നേഹ ചൂട് കെട്ടുപോകുന്നുവോ
ഹൃദയം വരളുന്നുവോ
മനസ്സിടുങ്ങി പോകുന്നുവോ
സ്വാര്‍ത്ഥ ലോകം തിരഞ്ഞു പോകുന്നുവോ
സ്വാര്‍ത്ഥ ജന്മം പിറക്കുന്നുവോ
പോയ കാലം മറക്കുന്നുവോ
പോയ ജന്മ സുഹൃത്ങ്ങളെ
നാം നെഞ്ചിലേറ്റതെ പോകുന്നുവോ ..
നാം തിരക്കിലാവുന്നുവോ
ബന്ധങ്ങള്‍ മറന്നുപോവുന്നുവോ ..
മറവിയില്‍ മയങ്ങുന്നുവോ
മറവി ഒരനുഗ്രഹമാവുന്നുവോ .




മണല്‍ കാറ്റ്
-------------
ദൂരെ കിഴക്കൊരു കാറ്റ്
ഓടി കിതച്ചു വരുന്നു
മണല്‍ മണ്ണ് തുരന്നു വരുന്നു
മുഖചോര തുടിച്ചു വരുന്നു ,,
---------------------
മോഹിച്ച രാവുകള്‍ എങ്ങോ
ദൂരെ ...സ്നേഹിച്ച ജീവിതമെങ്ങോ.
ഞാനൊരു യാത്രികനേതോ
ജീവിത നൌകയിലോ ...
-------------------
ഈത്തപ്പഴപ്പന തോട്ടം
ഏറെ മുന്തിരി വള്ളിക്കൂട്ടം
ഒട്ടക യാത്രികര്‍ ഏലം വിളി
ചൂടി പോകുന്ന രാത്രികളെ ....-
-------------------
മാമല ചോദിച്ചു നീയെന്നു ചെല്ലും
മഴക്കാറു സങ്കടം മൂടി
മാനം തെളിയും മനസ്സിലെ മോഹം
മാറോടു ചേരും നാള് വരും ..
---------------------
ദൂരെ കിഴക്കൊരു കാറ്റ് ..
കനല്‍ ചൂടി വരുന്നുണ്ട് കാറ്റ് ..

2015, ജൂൺ 9, ചൊവ്വാഴ്ച

ആകാശമേ ....നൂല്‍ /..മൂന്നു കവിതകള്‍

ഇന്നലെവരെ എന്റെ കണ്ണുകളെ
വിശ്വാസമായിരുന്നു ..
നേര്‍ത്ത മഞ്ഞയും കറുപ്പും കലര്‍ന്ന നിറം കൊണ്ട്
ഇപ്പോള്‍ അത് മങ്ങിയിരിക്കുന്നു .
തൂവാല നനച്ചു തുടച്ചു കൊണ്ടേയിരുന്നു ..
നിറം ചുവന്നു ഇരുട്ട് കയറി
കരഞ്ഞു പോകുമ്പോള്‍
കവിളില്‍ ചോരപ്പാടുകള്‍ ..
എനിക്ക് ഭയമാണ് ...
ജീവിതവും വെളിച്ചവും അകലുന്ന വേദനയാണ് .
മറന്നു പോകാതെ ഇരിക്കാന്‍
ഈ കടലാസ്സ്‌ ഞാനിതാ പട്ടമാക്കി
പറത്തുന്നു ....
നൂലില്ലാതെ അതെത്ര ദൂരം

---------------------------
ആകാശമേ ....
-----------
ആകാശമേ ...നനഞ്ഞിറങ്ങിയ
തുള്ളികളില്‍ നിന്നും
എന്റെ ചുണ്ടും
മെലിഞ്ഞുണങ്ങിയ ഭൂമിയുടെ
കവിളും .
പച്ചപ്പുകളിലെ നനവും
നാണം കൊണ്ട് ചൊടിച്ചു നിന്ന
വരണ്ട പുഴയുടെ മാറും ..
എത്ര കാതവും ചുമന്നു പായുന്ന
മഹാ പ്രളയവും
അഴിമുഖം കാത്തിരുന്ന ആ നാളുണ്ടല്ലോ
ഞാന്‍ ഇല്ലെങ്കിലും
ആ ദിനം വന്നു പോകട്ടെ ..
എനിക്കൊരു കുടയില്ല
ഞാന്‍ നനഞ്ഞിരിക്കുന്നു
എനിക്കൊരു കൂരയില്ല
ഞാന്‍ തളര്‍ന്നിരിക്കുന്നു
എന്റെ കൈകള്‍ വിറച്ചു
എന്നെ ചുറ്റിയ കുളിര്‍
എന്താണെന്ന് പറഞ്ഞു തരൂ


-------------------


നൂല്‍
----
ജീവിതമകന്നുപോകുന്ന യാത്രയില്‍
ബാക്കിയാവാത്ത ദൂരങ്ങളില്‍
നീ ഞെറിഞ്ഞ നൂലുകള്‍
പൊട്ടി പറന്നുപോയ്‌ .
നാളെ വെറും വാക്കുകള്‍
വിദൂരമായ് വരും
അതിലുറയുന്ന സ്വാന്തനം കേട്ട്
ദിക്ക് തെറ്റി നടന്നു നോക്കുക
മരുഭൂമിയും മരുപ്പച്ചയും ചേര്‍ന്ന
പകലും രാവും
പൊടിക്കാറ്റു ചുരത്തി വരും
അതിലൂടെ നടന്നു നോക്കുക
ജീവിതമകന്നു പോകുന്ന യാത്രയില്‍
ബാക്കി വന്ന  ദൂരങ്ങള്‍
കടമെടുത്തു കൊള്ളുക
നീ ഞെറിഞ്ഞ നൂലുകള്‍
നിന്നെ ചുറ്റി ശ്വാസം  നില്‍ക്കും വരെ ..

2015, മേയ് 26, ചൊവ്വാഴ്ച

മൂന്നു കവിതകള്‍

വൈകിയ ദൂരം നോക്കി
സങ്കടം കൊടുക്കല്ലേ ...
കാലില്‍ ഒരു ചുമട്
ചങ്ങലയില്‍ നില്പൂ ഞാന്‍ .

വേനല്‍ വറുതിയില്‍
കരിഞ്ഞ കണ്ണും
വരണ്ട ചുണ്ടും
പൊടിഞ്ഞ വിയര്‍പ്പും
നരച്ച തലയുടെ
ചുമടും താങ്ങി .
തളര്‍ന്ന കാലും ..

മടിച്ചു നില്‍ക്കുന്നതെന്തിനാ ...
എടുത്തു പൊയ്കോളൂ ..
കനം തൂങ്ങി നില്ക്കാന്‍ ആവുന്നില്ല .
കരുത്തു ചോര്‍ന്നു പോയ്‌ ..
കനല്‍ വഴി ഇനി ഇല്ല .
കടലാസുകള്‍ ചുരുട്ടി
പേനയും വലിച്ചെറിഞ്ഞു
കാത്തിരിക്കുന്നു ..

2015, മേയ് 7, വ്യാഴാഴ്‌ച

മൂന്നു കുഞ്ഞു കവിതകള്‍

അക്ഷരങ്ങള്‍ എത്ര ആഴത്തിലേക്ക് യാത്ര ചെയ്യുന്നു .
വാക്കുകള്‍ എറിഞ്ഞ യാത്രയില്‍
നിങ്ങളുടെ സ്നേഹം അറിഞ്ഞിരുന്നുവോ ..
എറിഞ്ഞ കല്ലുകള്‍ നിങ്ങള്ക്ക് മുറിവ് നല്‍കിയോ ..
പകരം കൊയ്യാന്‍ ഒരു കല്ലെങ്കിലും എറിഞ്ഞു
നിങ്ങള്‍ പകരം ചെയ്യുമോ ...
ഈ യാത്ര ദുര്‍ഘടം ...
ഈ യാത്ര ദുര്‍ഘടം ...

സമുദ്രം ആരവം നിലച്ചു എന്നിലേക്ക്‌ ...
തിര ഒടുങ്ങുന്നു ..
നിലയ്കാത്ത ശബ്ദം നിലവിളിച്ചു മുന്നില്‍
മഹാ ഭയം കൊണ്ട് ഞാന്‍ ഉറക്കെ കരയട്ടെ .


വൈകിയെത്തിയ വെയില്‍ കുറിച്ചത് ...
മരണ പത്രം ..മരണ പത്രം ..
മഴ നനഞ്ഞു മറഞ്ഞു വന്നതും മരണ പത്രം
പുഴ ഒഴുകി കിതച്ചു വന്നതും മരണ പത്രം ..
മറഞ്ഞു നിന്ന് ചിരിച്ചു വന്നതും മരണ പത്രം .
മടങ്ങുക ..മടങ്ങുക .മടങ്ങുക ...
മരണ വാര്‍ത്തകള്‍ നിറഞ്ഞു പേജുകള്‍
കരഞ്ഞു കണ്ണുകള്‍ തളര്‍ന്നിരിക്കുന്നു ..

2015, ഏപ്രിൽ 27, തിങ്കളാഴ്‌ച

രണ്ടു കവിതകള്‍

സ്നേഹതലോടലില്‍ മധുരം ...
ഹൃദയ ചൂടില്‍ തണല്‍ ..
ഒരു കുഞ്ഞു കണ്ണുനീര്‍ പോലും
സഹിക്കാതെ തരാട്ട്‌ പാട്ടിന്‍ ഈണം ..
ഉമ്മയെന്നക്ഷരം ഭൂമിയില്‍ മറ്റെന്തിനെക്കാള്‍ .
--------------------------------------------------------------

എന്നെങ്കിലും ചുമടുകള്‍ ഒഴിയും
ഞാന്‍ വിശ്രമിക്കും ...
വിയര്‍പ്പ് പൊടിഞ്ഞ മാംസം കേഴുന്നത് കേള്‍കുന്നു .
നര വീണ ശരീരത്തില്‍ നിന്നും
മറ്റെന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്